Legal Terrains
Malayalam Articles
MalayalamGovernance

കേരളത്തിന് വേണം സമഗ്ര നിയമ വെബ്‌പോർട്ടൽ

ഡോ. ജേക്കബ് ജോസഫ്

കേരള ഗസറ്റ് എന്ന ഔദ്യോഗിക പ്രസിദ്ധീകരണത്തിലൂടെയാണ് നിലവിൽ സംസ്ഥാന നിയമങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിച്ചുവരുന്നത്. 2019 മുതൽ അസാധാരണ ഗസറ്റിന്റെ വിവിധ പതിപ്പുകൾ കേരള ഗസറ്റിന്റെ ഔദ്യോഗിക വെബ്പോർട്ടലിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാണ്. എന്നാൽ നിലവിലുള്ള ഗസറ്റ് വെബ്പോർട്ടൽ ഗസറ്റിൽ പ്രസിദ്ധീകരിക്കപ്പെടുന്ന രേഖകളുടെ ഒരു ശേഖരം മാത്രമാണ്. ഒരു ആക്റ്റിന്റെ പ്രാഥമിക രൂപവും (Principal Act), തുടർന്നുള്ള ഭേദഗതികളും (Amendment Acts) ഒരു ആക്റ്റ് നൽകുന്ന അധികാരം വിനിയോഗിച്ച് പുറപ്പെടുവിക്കുന്ന ചട്ടങ്ങൾ, റെഗുലേഷനുകൾ, ബൈലോകൾ, സ്കീമുകൾ, നിയമാനുസൃത ഉത്തരവുകൾ, വിജ്ഞാപനങ്ങൾ എന്നിവയും അവയിൽ കാലാകാലങ്ങളിൽ വരുത്തുന്ന ഭേദഗതികളും വിവിധ രേഖകളിലായി ചിതറിക്കിടക്കുന്നതിനാൽ, ഒരു വിഷയത്തിൽ നിലവിൽ പ്രാബല്യത്തിലുള്ള നിയമം കണ്ടെത്താനും മനസ്സിലാക്കാനും പല രേഖകളും പരിശോധിച്ച് സംയോജിപ്പിക്കേണ്ടിവരുന്നു.

ഈ പ്രധാന പരിമിതി പരിഹരിക്കാൻ കേരളത്തിലെ പ്രാബല്യത്തിലുള്ള നിയമങ്ങൾ സമഗ്രവും ആധികാരികവുമായ ഏകീകൃത വെബ് പോർട്ടലിൽ ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. ഇത്തരമൊരു വെബ്പോർട്ടലിന്റെ രൂപകല്പനയും വികസനവും സമയബന്ധിതമായി പൂർത്തിയാക്കി പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാരിന്റെ സജീവ പരിഗണന അർഹിക്കുന്നു. വെബ്പോർട്ടലിന്റെ ഘടന, ഉള്ളടക്കം, വിവരങ്ങളുടെ ക്രമീകരണം എന്നിവ സംബന്ധിച്ച് പരിഗണിക്കാവുന്ന ചില അടിസ്ഥാന കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

വെബ്പോർട്ടലിന്റെ ഹോം പേജിലുള്ള സൂചിക ആക്റ്റുകളെ അടിസ്ഥാനമാക്കി ക്രമീകരിക്കുന്നതായിരിക്കും ഉചിതം. ഈ സൂചിക കുറഞ്ഞത് രണ്ട് രീതികളിലെങ്കിലും ലഭ്യമാക്കണം. ഒന്നാമതായി, ആക്റ്റ് നമ്പറിന്റെ അടിസ്ഥാനത്തിലും രണ്ടാമതായി, ഭരണവകുപ്പുകളുടെ അടിസ്ഥാനത്തിലും. ഭരണവകുപ്പ് അടിസ്ഥാനത്തിലുള്ള സൂചികയിൽ ഓരോ വകുപ്പിന്റെയും കീഴിൽ വരുന്ന നിയമങ്ങൾ വാർഷികാടിസ്ഥാനത്തിൽ ക്രമീകരിച്ച് നൽകാവുന്നതാണ്.

നിയമരേഖകളുടെ സമഗ്ര ലഭ്യത

സൂചികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഓരോ ആക്റ്റിന്റെയും പേര് പ്രസ്തുത ആക്റ്റിനായി പ്രത്യേകം സജ്ജീകരിച്ച വെബ്പേജിലേക്ക് ലിങ്ക് ചെയ്യുന്നതായിരിക്കും ഉചിതം. ആ പേജിൽ ആക്റ്റുമായി ബന്ധപ്പെട്ട നിയമരേഖകൾ സമഗ്രമായി ലഭ്യമാക്കാവുന്നതാണ്. ഇതിൽ ആക്റ്റിന്റെ ഗസറ്റിൽ പ്രസിദ്ധീകരിച്ച യഥാർത്ഥ രൂപം (Principal Act), ഭേദഗതി ആക്റ്റുകളുടെ (Amendment Acts) പട്ടികയും അവയുടെ ഗസറ്റ് പകർപ്പുകളും, ബന്ധപ്പെട്ട ചട്ടങ്ങൾ, റെഗുലേഷനുകൾ, ബൈലോകൾ, സ്കീമുകൾ എന്നിവയുടെ യഥാർത്ഥ രൂപവും അവയുടെ ഭേദഗതികളുടെ ഗസറ്റ് പകർപ്പുകളും ഉൾപ്പെടുത്താവുന്നതാണ്. ആക്റ്റ് നൽകിയ അധികാരം വിനിയോഗിച്ച് പുറപ്പെടുവിച്ച നിയമാനുസൃത വിജ്ഞാപനങ്ങൾ വർഷാടിസ്ഥാനത്തിൽ ക്രമീകരിച്ച് നൽകുന്നതും പ്രയോജനകരമായിരിക്കും. ഇവയ്ക്കുപുറമേ, നിയമത്തിന്റെ നിലവിലുള്ള സ്ഥിതി എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്നവിധം എല്ലാ ഭേദഗതികളും ഉൾപ്പെടുത്തി കാലാനുസൃതമായി പുതുക്കിയ ആക്റ്റിന്റെ ഏകീകൃത പതിപ്പ് (consolidated text) ലഭ്യമാക്കേണ്ടത് പ്രധാനമാണ്. അതുപോലെ, ബന്ധപ്പെട്ട ചട്ടങ്ങൾ, റെഗുലേഷനുകൾ, ബൈലോകൾ, സ്കീമുകൾ എന്നിവയുടെയും എല്ലാ ഭേദഗതികളും ഉൾപ്പെടുത്തിയ പുതുക്കിയ ഏകീകൃത പതിപ്പുകൾ പോർട്ടലിൽ ലഭ്യമാക്കുന്നത് ഉചിതമായിരിക്കും.

ഓരോ ഏകീകൃത രേഖയുടെയും മുകളിൽ അത് അവസാനമായി പുതുക്കിയ തീയതി വ്യക്തമാക്കുന്നത് അഭികാമ്യമാണ്. നിയമത്തിൽ കാലാകാലങ്ങളിൽ വന്ന മാറ്റങ്ങളും അതിന്റെ പരിണാമവും മനസ്സിലാക്കാൻ സഹായിക്കുന്ന വിധത്തിൽ ആവശ്യമായ അടിക്കുറിപ്പുകൾ ഉൾപ്പെടുത്തുന്നതും പ്രയോജനകരമായിരിക്കും. ലഭ്യമായിടത്തോളം, ബന്ധപ്പെട്ട നിയമങ്ങളുടെ ഔദ്യോഗിക പതിപ്പുകൾ ഇംഗ്ലീഷിലും മലയാളത്തിലും പോർട്ടലിൽ ലഭ്യമാകുന്നതും ഉചിതമായിരിക്കും.

കേന്ദ്ര ആക്റ്റുകൾ നൽകിയ അധികാരങ്ങൾ വിനിയോഗിച്ച് കാലാകാലങ്ങളായി സംസ്ഥാന സർക്കാർ വിവിധ സംസ്ഥാന ചട്ടങ്ങൾ, റെഗുലേഷനുകൾ, ബൈലോകൾ, സ്കീമുകൾ, നിയമാനുസൃത ഉത്തരവുകൾ എന്നിവ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഇത്തരം രേഖകളും വെബ്പോർട്ടലിൽ ഉൾപ്പെടുത്തിയാൽ, സംസ്ഥാനത്ത് പ്രാബല്യത്തിലുള്ള നിയമങ്ങളുടെ സമഗ്രവും ആധികാരികവുമായ ഒരു ഏകീകൃത ഡിജിറ്റൽ ശേഖരമായി ഈ പോർട്ടലിനെ വികസിപ്പിക്കാനാകും.

തിരച്ചിൽ, സുരക്ഷ, ആധികാരികത

പോർട്ടലിന്റെ പ്രായോഗിക പ്രയോജനത്തിനായി ശക്തമായ തിരച്ചിൽ സംവിധാനം, എളുപ്പമുള്ള വിവരക്രമീകരണം, ഉപയോക്തൃസൗഹൃദ രൂപകൽപ്പന, ശക്തമായ സൈബർ സുരക്ഷ എന്നിവ അനിവാര്യമാണ്. അഭിഭാഷകരും കോടതികളും മാത്രമല്ല, സർക്കാർ ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, ഗവേഷകർ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങൾക്കും ഇത് പ്രയോജനപ്പെടും. ഭരണനിർവഹണത്തിലും നീതിന്യായ പ്രവർത്തനങ്ങളിലും വിശ്വസനീയമായ ഔദ്യോഗിക അവലംബമായി പോർട്ടലിനെ ഉപയോഗിക്കണമെങ്കിൽ അതിന്റെ ആധികാരികത ഉറപ്പാക്കുന്നതിനുള്ള വ്യക്തമായ നിയമ-ഭരണ സംവിധാനവും ആവശ്യമാണ്. ഏതെല്ലാം രേഖകൾ, ഏത് ഘട്ടത്തിൽ, ഏത് വകുപ്പോ അധികാരിയോ പോർട്ടലിൽ ലഭ്യമാക്കണം, ഏകീകൃത പതിപ്പുകളുടെ തയ്യാറാക്കലും പരിശോധനയും ആരുടെ ചുമതലയായിരിക്കണം, അവ എത്ര സമയത്തിനുള്ളിൽ പുതുക്കപ്പെടണം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുന്ന ഭരണനിർദേശങ്ങളോ ചട്ടങ്ങളോ ഇതിന്റെ ഭാഗമായി പരിഗണിക്കാവുന്നതാണ്.

ഘട്ടംഘട്ടമായുള്ള വികസനം

എല്ലാ നിലവിലുള്ള നിയമങ്ങളും ഒരേസമയം ഡിജിറ്റൈസ് ചെയ്യുന്നത് പ്രായോഗികമായി വെല്ലുവിളിയാകാം. അതിനാൽ ഘട്ടംഘട്ടമായ വികസനമാണ് ഉചിതം. ആദ്യഘട്ടത്തിൽ പതിനാറാം കേരള നിയമസഭയുടെ കാലയളവിൽ പാസാക്കിയ പ്രാഥമിക ആക്റ്റുകളും അവയുടെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച ചട്ടങ്ങളും ഉത്തരവുകളും വിജ്ഞാപനങ്ങളും ഉൾപ്പെടുത്താം. തുടർന്ന് ലഭ്യമായ വിഭവങ്ങളും സാങ്കേതിക സാധ്യതകളും അനുസരിച്ച് മുൻകാല നിയമങ്ങളിലേക്കും സംവിധാനം വ്യാപിപ്പിക്കാം.

നിയമത്തിന്റെ അജ്ഞത ഒരു ന്യായീകരണമല്ലാത്ത നിയമവ്യവസ്ഥയിൽ, പ്രാബല്യത്തിലുള്ള നിയമങ്ങൾ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ കണ്ടെത്താനും മനസ്സിലാക്കാനും കഴിയുന്ന വിധത്തിൽ ലഭ്യമാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. അതിനാൽ ഏകീകൃത നിയമ വെബ് പോർട്ടൽ ഒരു സാങ്കേതിക സൗകര്യം മാത്രമല്ല; സുതാര്യത, സദ്ഭരണം, ഭരണപരിഷ്കാരം എന്നിവയിലേക്കുള്ള നിർണായക ചുവടുവയ്പ്പുമാണ്.

About the author

ലേഖകൻ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൊഫസറും ലീഗൽ കൺസൾട്ടന്റുമാണ്.

Share this article

Endnotes

1.ആക്റ്റുകൾ, ചട്ടങ്ങൾ മുതലായ നിയമരേഖകൾ കേരള ഗസറ്റിന്റെ അസാധാരണ പതിപ്പുകളിലൂടെയാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. 2019 വരെ കേരള ഗസറ്റിന്റെ അസാധാരണ പതിപ്പുകൾ കേരള ഗസറ്റ് വെബ് പോർട്ടലിൽ ലഭ്യമായിരുന്നില്ല. കേരള ഗസറ്റിന്റെ അസാധാരണ പതിപ്പുകൾ ഓൺലൈനായി ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി 2017 മാർച്ച് 3-ന് മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റ് പേജിൽ ലേഖകൻ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന്, 2019 ജൂൺ 1 മുതൽ കേരള ഗസറ്റിന്റെ അസാധാരണ പതിപ്പുകൾ കേരള ഗസറ്റ് വെബ് പോർട്ടലിലൂടെ സർക്കാർ ലഭ്യമാക്കിത്തുടങ്ങി. 2017-ലെ പ്രസ്തുത ലേഖനത്തിൽ, ഈ ലഘുലേഖനത്തിൽ ഉന്നയിച്ചിരിക്കുന്ന വിഷയവും ലേഖകൻ സൂചിപ്പിച്ചിരുന്നു. അന്ന് സംക്ഷിപ്തമായി മുന്നോട്ടുവച്ച ആ ആശയത്തിന്റെ കൂടുതൽ വിശദമായ പ്രതിപാദനമാണ് ഈ ലേഖനത്തിൽ അവതരിപ്പിക്കുന്നത്.

Views expressed are the author’s own and don’t necessarily reflect those of Legal Terrains.